Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Jul 14 2020

തിമിര ശസ്‌ത്രക്രിയ മിഥ്യാധാരണകള്‍

1.   തിമിരമെന്നത്‌ കണ്ണിനു മീതെയുള്ള ഒരു പാടയാണ്‌

ശരിയല്ല. നേത്രത്തിനുളളിലെ കാചത്തിനു സുതാര്യത നഷ്ടപ്പെടുന്നതാണ്‌ തിമിരം. പ്രായമേറുമ്പോഴും, കണ്ണിനു കഷതമേല്‍ക്കുന്ന വേളയിലും പ്രമേഹരോഗത്താലും കണ്ണിന്റെ കൃഷ്‌ണപടലത്തിനു പുറകിലായി സ്ഥിതിചെയ്യുന്ന കാചത്തിന്റെ സുതാര്യത ക്രമേണ നഷ്ടപ്പെടുന്നു. കാഴ്‌ച മങ്ങലുളളതാകാന്‍ ഇതു കാരണമാവുന്നു.


2.   കണ്ണില്‍ തുള്ളി മരുന്നൊഴിച്ച്‌ തിമിരം ഭേദപ്പെടുത്താവുന്നതാണ്‌.

ശരിയല്ല. തിമിരം സുഖപ്പെടുത്തുന്നതിനു കഴിവുണ്ടെന്നു തെളിയിക്കപ്പെട്ട മരുന്നുകളില്ല. തിമിരം പ്രായാധിക്യത്തോടു ബന്ധപ്പെട്ട അവസ്ഥകൂടിയാവുമ്പോള്‍ ബാഹ്യമായ മരുന്നു പ്രയോഗങ്ങള്‍ പ്രയോജനരഹിതമാവുകയേ ഉള്ളു.. എന്നാല്‍ ഇക്കാര്യം ഗവേഷണത്തിലിരിക്കുകയുമാണ്‌. ഇപ്പോള്‍ പറയാവുന്നത്‌ തിമിരത്തിന്‌ ശസ്‌ത്രക്രിയ മാത്രമേ പരിഹാരമായിട്ടുള്ളു എന്നാണ്‌.

3.   തിമിരം കണ്ണില്‍ പൂര്‍ണ്ണമായ തോതില്‍ വ്യാപനം നടന്നാല്‍ മാത്രമേ ശസ്‌ത്രക്രിയ ചെയ്യാന്‍ പാടുള്ളു.

ഒട്ടും ശരിയല്ല. പൂര്‍ണ്ണമായ തോതില്‍ തിമിരം ബാധിച്ച ശേഷം ശസ്‌ത്രക്രിയ ചെയ്യുമ്പോള്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറും. അതിനാല്‍ പ്രാരംഭ ഘട്ടത്തില്‍ ശസ്‌ത്രക്രീയ ചെയ്‌തു ഭേദപ്പെടുത്തുന്നതാണ്‌ ഉചിതം. തിമിരം കാലം ചെല്ലുന്തോറും കട്ടിയുള്ളതായിത്തീരുമെന്ന്‌ ഓര്‍ക്കുക. ഒരാള്‍ക്കു പ്രായം കൂടുമ്പോള്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ കൂടി ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നത്‌ വിഷയത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. ഇനി മറ്റൊന്നുള്ളത്‌ ഒരു വ്യക്തി തിമിരം മൂലം കുറഞ്ഞ കാഴ്‌ച ശക്തിയുമായി വളരെക്കാലം ചികിത്സിക്കപ്പെടാതെ ജിവിച്ചുപോവുക എന്നത്‌ ജീവിതത്തിന്‍െ സൗഖ്യത്തെ കെടുത്തുന്ന ഒന്നാണ്‌. വൃദ്ധജനങ്ങള്‍ നിലത്തുവീണു ക്ഷതമേല്‍ക്കുന്ന സംഭവങ്ങളില്‍ പ്രധാന കാരണം കാഴ്‌ചക്കുറവുതന്നെ. കുളിമുറിയില്‍ തെന്നി വീണ്‌ അരയ്‌ക്കും കൈ പൊട്ടലുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും നിലത്തെ വെള്ളം കെട്ടിക്കിടക്കുന്നതെ പായലുള്ളതോ ആയ ഭാഗം വൃദ്ധര്‍ കാണാത്തതു കൊണ്ടുണ്ടാകുന്നതുമാണ്‌.

4.   തിമിര ശസ്‌ത്രക്രിയക്കു ശേഷം ഒരാള്‍ക്ക്‌ മൂന്നുമാസത്തെ വിശ്രമം വേണം.

സത്യമല്ല, ആധുനിക തിമിര ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വളരെ കുറഞ്ഞ വിശ്രമ സമയം മതി. മിക്കവാറും ഒരു ദിവസത്തെ വിശ്രമം മതിയാവും എന്നാല്‍ തുള്ളിമരുന്നു നാലു മുതല്‍ ആറാഴ്‌ചവരെ കണ്ണില്‍ ഒഴിക്കേണ്ടതുണ്ട്‌.

5.   തിമിരശസ്‌ത്രക്രിയക്കുശേഷംകിടക്കയില്‍കിടന്നുതന്നെവിശ്രമിക്കണം

ശരിയല്ല. ആധുനിക തിമിര ശസ്‌ത്രക്രിയക്കു ശേഷം ഒറ്റ ദിവസത്തെ വിശ്രമശേഷം പ്രവൃത്തികളിലേക്കു തിരിച്ചു പോകാം.

6.   തിമിര ശസ്‌ത്രക്രിയയ്‌്‌കു ശേഷമുള്ള കാഴ്‌ച ഉപയോഗിക്കുന്ന ലെന്‍സിനെ ആശ്രയിച്ചിരിക്കാം.

ചില സന്ദര്‍ഭങ്ങളില്‍ ഇതു ശരിയാണ്‌. തിമിര ശസ്‌ത്രക്രിയയ്‌ക്കു ശേഷം ലഭിക്കുന്ന കാഴ്‌ചശക്തി ലെന്‍സുകളുടേതുമായി താരതമ്യം ചെയ്യാവുന്നതാണെങ്കിലും മികച്ചതു പയോഗിക്കുമ്പോള്‍ കാഴ്‌ചയുടെ മേന്മയില്‍ ശ്രദ്ധേയമായ മാറ്റം ഉണ്ടാവും. എല്ലാ ലെന്‍സുകള്‍ക്കും അപവര്‍ത്തനത്താല്‍ കാഴ്‌ചശക്തിയില്‍ ഗുണപരമായ മാറ്റം വരുത്താന്‍ ശകതിയുണ്ട്‌. എന്നിരുന്നാല്‍ തന്നെയും കാഴ്‌ചശക്തിയുടെ മേന്മ നിശ്ചയിക്കുന്നതില്‍, ഉപയോഗിച്ചിരിക്കുന്ന ഫില്‍റ്ററുകളുടെ സാന്നിദ്ധ്യം, വേവ്‌ ഫ്രെണ്ടിനെ അനുകൂലമാക്കും വിധമുള്ള ഘടന, എന്നിവയ്‌ക്കു ഗണ്യമായ പങ്കുണ്ട്‌. മിക്ക ലെന്‍സുകളും ഹ്രസ്വ - ദീര്‍ഘ കാഴ്‌ച തിരുത്തുവാന്‍ പോന്നവയാണ്‌. എന്നാല്‍ ആധുനിക ലെന്‍സുകള്‍ അസ്റ്റിഗ്മാറ്റിസമടക്കം തിരുത്തുവാന്‍ ശക്തിയുള്ളതും പരിപൂര്‍ണ്ണമായും കണ്ണടയുപേക്ഷിക്കാന്‍ പ്രാപ്‌തവുമാണ്‌. ചില ലെന്‍സുകളാവട്ടെ അള്‍ട്രാവയലറ്റും മറ്റു മാരക രശ്‌മികളെ തടുയുവാന്‍ കൂടി കഴിവുള്ളവയാണ്‌.

7.    തിമിര ശസ്‌ത്രക്രിയയ്‌ക്കു ശേഷം കറുത്തകണ്ണട ധരിച്ചിരിക്കണം.

ഇതു ശരിയല്ല. മിക്ക ആധുനിക ലെന്‍സുകളും അപകടകാരികളായ പ്രകാശ രശ്‌മികളെ കടത്തിവിടാത്ത ഫില്‍റ്റര്‍ കൂടി ഉള്‍പ്പെട്ടതാണ്‌

8.  തിമിര ശസ്‌ത്രക്രിയാനന്തരം ഒരു വ്യക്തിയുടെ കാഴ്‌ചശക്തി അയാളുടെ ജീവിതാവസാനം വരെ നന്നായി തുടരും.

ശരിയല്ല. ശസ്‌ത്രക്രിയാനന്തരം കൃത്യമായ ഇടവേളകളില്‍ നേത്ര പരിശോധന നടത്തിക്കൊണ്ടിരിക്കാത്ത പക്ഷം പ്രമേഹ സംബന്ധിയായ റെറ്റിനോപ്പതി, ഗ്‌ളോക്കോമ എന്നിവ കാഴ്‌ച ശക്തിയെ പ്രതികൂലമായ ബാധിക്കുന്നതാണ്‌. നേത്രകാചത്തിലാണ്‌ തിമിര ശസ്‌ത്രക്രിയ നടത്തുന്നത്‌. പാട കെട്ടിയ കാചം (ലെന്‍സ്‌) മാറ്റി പകരം പുതിയതൊന്ന്‌ പിടിപ്പിക്കുന്നു. കോര്‍ണിയയെ ബാധിക്കുന്ന രോഗമോ മസ്‌തിഷ്‌കാ ഘാതമോ, കാഴ്‌ച ശക്തിയെ പിന്നീടു പ്രതികൂലമായി ബാധിക്കാവുന്നതാണ്‌. അതുകൊണ്ട്‌ പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാര ക്രമീകരിച്ചു നിറുത്തുകയും ഇടവേളകളില്‍ ഒഫ്‌താല്‍മിക്ക്‌ സര്‍ജന്റെ നിര്‍ദ്ദേശാനുസരണം കാഴ്‌ചശക്തി വിലയിരുത്തേണ്ടതുമാണ്‌.

9.   തിമിര ശസ്‌ത്രക്രിയ കൊണ്ട്‌ എല്ലാവിധ അപവര്‍ത്തന (റിഫ്രാക്ടീവ്‌) തെറ്റുകളും തിരുത്തപ്പെടുന്നതാണ്‌.

ശരിയല്ല. ഹ്രസ്വമോ, ദീര്‍ഘമോ ആയ കാഴ്‌ചശക്തിയെ തിരുത്തുവാന്‍ കഴിവുള്ള ഒരു മോണോഫോക്കല്‍ ലെന്‍സ്‌ സ്ഥാപിക്കുകയാണ്‌ സാധാരണയായി തിമിര ശസ്‌ത്രക്രീയയില്‍ ചെയ്യാറുള്ളത്‌. അസ്റ്റിഗ്മാറ്റിസം പോലുള്ള അപവര്‍ത്തന തെറ്റുകള്‍ തിരുത്തുവാന്‍ ടോറിക്ക്‌ ലെന്‍സ്‌ എന്ന പ്രത്യേകതരം ലെന്‍സ്‌ ആവശ്യമാണ്‌. വെള്ളെഴുത്ത്‌ അഥവാ അക്ഷരം വായിക്കാനുള്ള ബുദ്ധിമുട്ട്‌ പരിഹരിക്കാന്‍ മള്‍ട്ടിഫോക്കല്‍ ലെന്‍സുകള്‍ക്കാവും.

10.   തിമിരശസ്‌ത്രക്രിയയ്‌ക്കുവിധേയമാകുന്നആര്‍ക്കുംപൂര്‍ണ്ണമായകാഴ്‌ചകിട്ടും

ശരിയല്ല. നേരത്തെ പറഞ്ഞപോലെ രോഗഗ്രസ്ഥമായ ലെന്‍സുമാറ്റി തല്‍സ്ഥാനത്ത്‌ ക്രിത്രിമ ലെന്‍സു സ്ഥാപിക്കലാണ്‌ തിമിര ശസ്‌ത്രക്രിയയില്‍ ചെയ്യുന്നത്‌.

ഗ്ലോക്കോമ, ഡയബറ്റിക്‌ റെറ്റിനോപതി, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ രോഗങ്ങളാല്‍ കാഴ്‌ചശക്തി കുറഞ്ഞിട്ടുള്ളവര്‍ക്ക്‌ തമിരബാധ കൂടിയുണ്ടായാല്‍ ഈ ശസ്‌ത്രക്രിയ കൊണ്ട്‌ തിമിരം കൊണ്ടുള്ള പ്രശ്‌ന പരിഹാരം മാത്രമേ സാദ്ധ്യമാകുന്നുള്ളു. തിമിര ശസ്‌ത്രക്രിയ മേല്‍ പറഞ്ഞ രോഗം വരുത്തി വെച്ച കാഴ്‌ചക്കുറവിന്‌ പരിഹാരമാവില്ല. എന്നാല്‍ കാഴ്‌ചശക്തി തിമിരം മാറുന്നതോടെ മെച്ചപ്പെടുമെന്നതില്‍ തര്‍ക്കവുമില്ല.